മാഷ് എന്ന് വെച്ചാൽ കരയുടെ കാണ്ഗ്രസ് പ്രസ്ഥാനം തന്നെയായിരുന്നു, അഥവാ മാഷില്ലെങ്കിൽ സാക്ഷാൽ ഒടയതമ്പുരാൻ നേരിട്ട് ഇടയലേഖനമിറക്കിയാലും കരക്കാര് കൈപ്പത്തിയിൽ കുത്തില്ല എന്ന ലെവലിൽ ഒരു നരസിംഗം മോഡൽ പ്രസ്ഥാനം എന്ന് വേണേൽ പറയാം. സത്യത്തിൽ പുള്ളിക്കാരൻ അംഗനവാടിയിൽ പോലും രണ്ടക്ഷരം പഠിപ്പിക്കാൻ പോയിട്ടില്ല. എങ്കിലും മഹാമനസ്കരായ കരക്കാർ അങ്ങേരെ മാഷേന്ന് വിളിച്ചു. പുള്ളിക്കാരന്റെ വൈഫി ശ്രീമതി കുഞ്ഞന്ന ടീച്ചർ കരക്കാരുടെ മക്കൾ പഠിക്കുന്ന ദൈവ സഹായം ഗവണ്മെന്റ് സ്കൂളിൽ, ഐ മീൻ, ദൈവസഹായം കൊണ്ടു മാത്രം കർക്കിടകകോളിന് ഇടിഞ്ഞു പൊളിഞ്ഞു വീഴാതെ നിൽക്കുന്ന സ്കൂളിൽ ബേസിക് 'തറ' 'പറ' 'പന' ഒക്കെ പഠിപ്പിക്കുന്നുണ്ട്. ആ വശം വെച്ച് "കുഞ്ഞന്ന ടീച്ചറെന്നും കെട്ടിയോനെ എടോ പോടോ എന്നും വിളിക്കുന്നത് എങ്ങിനെയാ" എന്ന വൈക്ലബ്യത്തിൽ നിന്നാണ് കരക്കാർ മഹാമനസ്കരായി തീർന്നതും പുള്ളിക്കാരനെ മാഷേന്നു വിളിച്ചതും.
സംഗതി ഇതൊക്കെയാണെങ്കിലും മാഷ്ക്ക് ഒരു തീരാദുഃഖമുണ്ട്. അതും അർദ്ധ സെഞ്ച്വറി കഴിഞ്ഞുനിൽക്കുന്ന ഒരു ഘോര ഘോര ദുഃഖം. ആറാമത്തെ വയസിൽ കോണ്ഗ്രസിന്റെ കൊടിയെടുത്തയാളാണ് മാഷ്. (എന്തിനാണ് പുള്ളി ആ പ്രായത്തിൽ കൊടിയെടുത്തത് എന്ന കാര്യത്തിൽ നാളിതുവരെ ഒരു പിടിത്തവുമില്ല.) വയസ് ഈ ചിങ്ങത്തിൽ 59. കുഞ്ഞന്ന ടീച്ചറാണേൽ അടുത്ത പത്തു വർഷത്തെ ചിങ്ങങ്ങളിൽ വയസ് 35 കടക്കുന്ന കാര്യം സമ്മതിച്ചു തരുന്ന ലക്ഷണമില്ല.പക്ഷെ അതല്ല മാഷിന്റെ ദുഃഖം. "ഇത്രയും വർഷമായി, ഒരു വാർഡ് മെമ്പര് പോലുമാകാൻ തനിക്ക് കഴിഞ്ഞിട്ടില്ല". കേരളരാഷ്ട്രീയ ഭൂപടത്തിൽ ഈ കര ഉൾക്കൊള്ളുന്ന വാർഡ് ഒരു മാതിരി ഇട്ടാവട്ടമാണേലും പ്രസ്തുത വട്ടത്തിൽ രാഷ്ട്രീയ ദ്രോണാചാര്യരാണ് മാഷ്. അങ്ങിനെയുള്ള മാഷ് ഈ കാലഘട്ടത്തിനുള്ളിൽ മിനിമം കരയുടെ മുഖ്യമന്ത്രിയെങ്കിലുമാവേണ്ടതാണ്. ബട്ട് നോ ടിക്കറ്റ്... പാർട്ടി ടിക്കറ്റ് നഹി മിലാ...
കഴിഞ്ഞ തവണ അറ്റപ്പറ്റെ സംഗതി കൈയിലെത്തും എന്നായപ്പോൾ ബ്ലഡി സഫാരീസ് പഞ്ചായത്ത് മാഷിന്റെ വാർഡിനെ വനിതാ സംവരണ വാർഡാക്കി പ്രഖ്യാപിച്ചു കളഞ്ഞു. എന്നാലും മാഷിനെ ഭാഗ്യം കൈവിട്ടില്ല. പുതിയ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ കര സ്വയംപര്യാപ്ത വാർഡായി. എന്ന് മാത്രമല്ല ഇത്തവണ സംഗതി ഈസ് നോ മോർ വനിതാ സംവരണം. മാഷ് മനസ്സിൽ ഫ്രീയായി അഞ്ചെട്ടു ലഡ്ഡു പൊട്ടിച്ചു; കൂടെ കളർഫുൾ ആക്കാൻ അഞ്ചാറു കുപ്പി കൂടെ പൊട്ടിച്ചു. ആറാമത്തെ കുപ്പിയിലെ അവസാന തുള്ളി ഊറ്റികുടിക്കുന്ന കുട്ടനെ നോക്കി മാഷ് പ്രഖ്യാപിച്ചു. "അപ്പൊ! കുട്ടനാണ് കരയിൽ പാർട്ടിയുടെ യൂത്ത് വിംഗ് നേതാവ്." ദതായിരുന്നു യൂത്ത് പാർട്ടിയുടെ ഫസ്റ്റ് മീറ്റിംഗ്. വരുന്ന ഇലക്ഷനിൽ ടിക്കറ്റ് പിടിക്കാനുള്ള മാഷിന്റെ തുറുപ്പുഗുട്ടൻ. പിന്നീടങ്ങോട്ട് മീറ്റിങ്ങുകളുടെ ബഹളം. മാഷിന്റെ പറമ്പിന്റെ ഒരു മൂലയിൽ ഉയർന്നു വന്ന ത്രിഗുണൻ കുപ്പികളുടെ കൂനക്കൊപ്പം യൂത്തന്മാർ മാഷിന്റെ കീഴിൽ വളർന്നു വന്നു. ടിക്കറ്റ് മാഷിനു തന്നെ എന്നുറപ്പിച്ച് ആ സുദിനം വന്നു. ഐ മീൻ വാർഡുകളിലെക്കുള്ള സ്ഥാനാർഥിനിർണ്ണയം. മാഷ് മീറ്റിംഗ് നടക്കുന്ന മുറിയുടെ ഒരു സ്കെച്ച് വരച്ച് മേശപ്പുറത്ത് നിവർത്തി വെച്ചു. വൻ പ്ലാനിങ്ങാണ് ഇനി നടക്കാൻ പോകുന്നത്.
"ഞാൻ ദാ ഈ മൂലക്ക് ഒന്നും അറിയാത്തവനെ പോലെ ഇരിക്കും. കുട്ടൻ ഈ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കണം. മണ്ഡലം പ്രസിഡണ്ട് ഏകദേശം ദീ ഭാഗത്തായിരിക്കും ഇരിക്കുന്നത്. പുള്ളിക്കാരൻ എഴുന്നേറ്റ് നമ്മുടെ വാർഡിൽ ആരെ വേണം എന്ന് ചോദിക്കും. ഉടനെ കുട്ടൻ ചാടിയെണീറ്റ് എന്റെ പേര് പറയണം. അപ്പോൾ നിങ്ങളിൽ ആരെങ്കിലും എണീറ് അത് എന്നെ പിന്താങ്ങണം. ദാറ്റ്സ് ഓൾ...ബാക്കി എല്ലാവരും കൈയടിച്ചു അത് പാസാക്കും. അപ്പോൾ നിങ്ങൾ എന്റെ പേര് ചേർത്ത് ജയ് വിളിച്ച് എന്നെ പൊക്കി മുറിയുടെ ദീ കാണുന്ന വാതിലിലൂടെ പുറത്തേക്കു കൊണ്ടു പോണം. ഇത്രേം മതി ബാക്കി ഞാനേറ്റു."
സംഗതി ഫുൾ പ്ലാൻഡ്... മാഷ് സ്കെച്ച് മടക്കി വെച്ച് "ചലോ ദില്ലി"യടിച്ചു മുന്നേ നടന്നു. പിന്നാലെ ഫുൾ യൂത്തൻസ്. മീറ്റിംഗ് നടക്കുന്ന മുറിയിലെത്തി മാഷ് മറ്റൊന്നും നോക്കിയില്ല. ഫുൾ കോണ്ഫിഡൻസിൽ സ്കെച്ചിൽ പറഞ്ഞപ്രകാരമുള്ള മൂലക്ക് ചെന്നിരുന്നു. കുട്ടൻ ഫ്രണ്ട് ബെഞ്ചിൽ. എല്ലാം പ്ലാനിംഗ് പോലെ തന്നെ. മണ്ഡലം പ്രസിഡണ്ട് എഴുന്നേറ്റു. "അപ്പോൾ നമ്മുടെ വാർഡിലേക്ക് ആരെ നിർത്തണം" എന്ന ചോദ്യം ഇപ്പം വരുമെന്ന് മാഷ് കുട്ടന് സിഗ്നൽ കൊടുത്തു. കുട്ടൻ ചാടിയെണീക്കാൻ റെഡിയായി...
"അപ്പോൾ നമ്മുടെ വാർഡിലേക്ക് ഞാൻ കുട്ടനെ നിർദേശിക്കുന്നു." പ്രസിഡണ്ട് പറഞ്ഞത് എന്താണെന്ന് പോലും കേൾക്കാതെ മാഷിന്റെ പേര് പറയാൻ കുട്ടൻ ചാടിയെണീറ്റു.
"ആഹാ അപ്പൊ കുട്ടൻ റെഡി... പാർട്ടിയുടെ പുതിയ നയം അനുസരിച്ച് യുവാക്കൾക്ക് അവസരം കൊടുക്കാനാ ഡൽഹിജി പറഞ്ഞിരിക്കുന്നത്. കുട്ടനാണേൽ കരയിൽ യൂത്ത് വിംഗിനെ വളരെ പെട്ടെന്ന് വളർത്തിയെടുക്കേം ചെയ്തു. സൊ ഇനി ആരെങ്കിലും കുട്ടനെ പിന്താങ്ങണം."
ഇവിടം മുതൽ മാഷിന്റെ പ്ലാനിങ്ങ് തെറ്റി... രണ്ടു കാര്യത്തിലൊഴികെ...ഐ മീൻ ബോധരഹിതനായി നിലംപതിച്ച മാഷിനെ പിന്നിൽ നിന്ന് താങ്ങിയതും മുറിക്ക് പുറത്തേക്ക് കൊണ്ട് പോയതും ആസ് പെർ പ്ലാനിംഗ്. (തുടരും)